സ്മാര്‍ട്ട് സിറ്റിയുടെ ഭാവി? സി.ആര്‍ നീലകണ്ഠന്‍

 കഴിഞ്ഞ നാലഞ്ചു വര്‍ഷത്തിനിടയില്‍ കേരളത്തില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട ഒരു വികസന പദ്ധതിയാണ് കൊച്ചിയില്‍ വരുമെന്നു പറയുന്ന സ്മാര്‍ട്ട് സിറ്റി. കേരളത്തിലെ രാഷ്ട്രീയമണ്ഡലത്തില്‍ ഇത് ഏറെ വിവാദമായതാണ്. മുന്‍ സര്‍ക്കാറിന്റെ കാലത്താണ് പദ്ധതി തയ്യാറാക്കപ്പെട്ടത്. വളരെ തുച്ഛമായ വിലക്ക് മുന്നൂറോളം ഏക്കര്‍ ഭൂമിയും ഇന്‍ഫൊപാര്‍ക്കും കൈമാറുന്നതായിരുന്നു പദ്ധതി. മുപ്പത്തി മൂവായിരം പേര്‍ക്ക് തൊഴില്‍ നല്‍കും. അതും പത്തു വര്‍ഷത്തിനകം. നല്‍കാതിരുന്നാല്‍ ഒരു തൊഴിലിന് 6000 രൂപ നഷ്ടപരിഹാ‍രം നല്‍കണം. ഈ കരാറിനെതിരെ ഒട്ടനവധി വിമര്‍ശനങ്ങളുയര്‍ന്നു. വ്യത്യസ്ത വിമര്‍ശനങ്ങളാണ് വിവിധ തലങ്ങളിലുള്ളവര്‍ ഉയര്‍ത്തിയത്. ഇതിന്റെ വിമര്‍ശകരുടെ നേതൃത്വത്തില്‍ ഉണ്ടായിരുന്നത് അന്നത്തെ പ്രതിപക്ഷ നേതാവും ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദനായിരുന്നു. ഇന്‍ഫോ പാര്‍ക്ക് കൈമാറുന്നതു മാത്രമായിരുന്നു സി.പി.എം ഔദ്യോഗിക നേതൃത്വം ഉന്നയിച്ച പ്രശ്നമെങ്കില്‍ അക്കമിട്ട് 18 പ്രശ്നങ്ങളാണ് വി.എസ് അന്നുയര്‍ത്തിയത്. കോടതി വഴിയും അല്ലാതെയും പലരും നടത്തിയ ഇടപെടലുകള്‍ മൂലം ആ സര്‍ക്കാറിന് കരാര്‍ ഒപ്പിടാനായില്ല.


പിന്നീട് വി.എസ്. സര്‍ക്കാര്‍ വന്നശേഷം കരാര്‍ ഉടച്ചുവാര്‍ക്കാനായിയെന്നത് സത്യം തന്നെ. പഴയ കരാറില്‍ ഒരു വ്യവസ്ഥ മാറ്റിയാല്‍ ദുബൈ കമ്പനി ഇട്ടെറിഞ്ഞു പോകുമെന്നു പറഞ്ഞവരെല്ലാം പിന്‍‌വാങ്ങി. ഭൂമിവില സംബന്ധിച്ചും മറ്റും ഇന്ന് ചിലര്‍ ഉന്നയിക്കുന്ന വാദങ്ങള്‍ക്ക് വലിയ അര്‍ത്ഥമില്ല. കാരണം ഇതിനേക്കാല്‍ വളരെ കുറഞ്ഞ വിലയ്ക്ക് കച്ചവടം ഉറപ്പിച്ചവരാണവര്‍. പുതിയ കരാറില്‍ തൊഴിലവസരങ്ങള്‍ മൂന്നിരട്ടിയോളമായി. ഇന്‍ഫോ പാര്‍ക്കും അനുബന്ധഭൂമിയും വിട്ടുകൊടുക്കുന്നില്ല. സമീപ ജില്ലകളില്‍പ്പോലും സര്‍ക്കാര്‍ പങ്കാളിത്തത്തോടെ മറ്റൊരു ഐ.ടി പദ്ധതി പാടില്ലെന്ന നിബന്ധന പോയി. മുന്‍ കരാറില്‍ ഭൂമിയുടെ 70 ശതമാനം ഐ. ടി വ്യവസായത്തിനെന്നത് നിര്‍മ്മിക്കുന്ന കെട്ടിടവിസ്തീര്‍ണ്ണത്തിന്റെ 70 ശതമാനമെന്നാക്കി. ഇതു വളരെ പ്രധാനമാണ്. പുതിയ കേന്ദ്ര സെസ് നിയമമനുസരിച്ച് 50 ശതമാനം ഭൂമി ഇവര്‍ക്കിഷ്ടമുള്ളത് ചെയ്യാം. അതായത് 50 ശതമാനം ഭൂമിയില്‍ വീടുകളോ ഷോപ്പിംഗ് മാളുകളോ നിര്‍മ്മിച്ചാലും സര്‍ക്കാരിനിടപെടാമായിരുന്നില്ല. ഈ പദ്ധതിയില്‍ അതു സാധ്യമല്ല. സ്മാര്‍ട്ട് സിറ്റിയുടെ ഭാവി വികസനത്തിനായി കണ്ടെത്തിയിരുന്ന ഭൂമി ഇപ്പോള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് ഇന്‍ഫോ പാര്‍ക്ക് വികസനത്തിനായി നല്‍കുന്നു. ഇതൊക്കെയാണെങ്കിലും ഈ പദ്ധതി സംബന്ധിച്ച സുപ്രധാന പ്രശ്നം ഇവിടെ വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. ഇത് പ്രത്യേക സാമ്പത്തിക മേഖല(സെസ്) ആണ്. അതിന്റെ പ്രശ്നങ്ങള്‍ കുറക്കാന്‍ സംസ്ഥാന സര്‍ക്കാറിന്റെ കരാറിനു കഴിയുമോയെന്നതാണ് പ്രധാന ചോദ്യം. അതെന്തായാലും ഈ ‘സ്വപ്ന പദ്ധതി’ക്കെതിരെ പാരകളുമായി രംഗത്തെത്തിയത് പ്രതിപക്ഷമല്ല. മറിച്ച് ഭരണത്തിനകത്തുള്ളവര്‍ തന്നെയായിരുന്നു. വ്യവസായം, റവന്യൂ, വൈദ്യുതി തുടങ്ങിയ വകുപ്പുകളാണ് പ്രധാന പാ‍രകള്‍ സൃഷ്ടിച്ചത്. വിവാദമായ എച്ച്.എം.ടി.ഭൂമിയില്‍
എച് സി ഐ എൽ നിർമ്മിക്കാൻ പരിപാടിയിട്ടിരുന്ന സൈബർ പാർക്ക് എന്ന (റിയൽ എസ്‌റ്റേറ്റ്) പദ്ധതിക്ക് മുഖ്യമന്ത്രി തന്നെ തടസ്സം നിൽക്കുന്നുവെന്നതിനാൽ അതിന് അനുമതി കിട്ടാതെ സ്‌മാർട്ട് സിറ്റി പദ്ധതി മുന്നോട്ടുപോകരുതെന്ന് ആഗ്രഹിച്ചവർ ഭരണത്തിന്റെ ഉന്നതങ്ങളിലുണ്ട്.
കുടിയൊഴിക്കൽ വേദനാജനകമാണെങ്കിലും നാളിതുവരെ ഒരു വികസനപദ്ധതിയിലും നൽകിയതിനേക്കാൾ മെച്ചപ്പെട്ട പുനരധിവാസ പദ്ധതി നടപ്പിലാക്കിയാണ് അവിടെ ഭൂമി ഏറ്റെടുത്തത്. എന്നാൽ ഈ പുനരധിവാസ പദ്ധതി “ഭാവിക്ക് ദോഷകരമാണ് ” എന്ന വാദമുന്നയിച്ച് അതിനെ തകർക്കുവാനും കാര്യമായ ശ്രമങ്ങൾ നടന്നു. പദ്ധതിക്കുവേണ്ടി വൈദ്യുതബോർഡിന്റെ 100 ഏക്കർ നൽകുന്നതുമായി ബന്ധപ്പെട്ടുണ്ടായ ഉടക്കുകൾ പരിഹരിക്കപ്പെട്ടു കൊണ്ടിരിക്കുന്നുവെന്നറിയുന്നു. സെസ് മേഖലയായതിനാൽ റജിസ്‌ട്രേഷനു സ്‌റ്റാമ്പ് ഡ്യൂട്ടി ഇളവ് ലഭിക്കുമെന്ന് ദുബൈ കമ്പനി പ്രതീക്ഷിക്കുന്നു. എന്നാൽ ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിനും ഒന്നും ചെയ്യാനില്ലെന്നും തൽ‌ക്കാലം ഡ്യൂട്ടിയടച്ച് റജിസ്‌ട്രേഷൻ ചെയ്യാനും പിന്നീട് കേന്ദ്രം അനുവദിക്കുകയാണെങ്കിൽ പണം തിരിച്ചുവാങ്ങാനുമാണ് സംസ്ഥാന സർക്കർ നിർദ്ദേശിച്ചത്. സൈബർ സിറ്റിക്ക് തടസ്സം നിൽക്കുന്നത് സ്‌മാർട്ട് സിറ്റിയെ സഹായിക്കാനാണെന്ന വാദവുമായി പ്രതിപക്ഷ നേതാവ് തന്നെ രംഗത്തുവന്നത് പരിഹാസ്യമായി. ഇൻഫോ പാർക്കടക്കം വിൽക്കാനും തൊട്ടടുത്ത ജില്ലകളിൽ യാതൊരുവിധ സർക്കാർ ഐ റ്റി സംരംഭങ്ങളും സ്ഥാപിക്കില്ലെന്ന ഉറപ്പുനൽകാ‍നും തയ്യാറായ വ്യക്തിയാണ് ഇദ്ദേഹം. തന്നെയുമല്ല അതേ ഇൻഫോ പാർക്ക് വികസിപ്പിക്കാനും അമ്പലപ്പുഴ, ചേർത്തല തൃശൂർ എന്നിവിടങ്ങളിൽ സർക്കാർ ഇൻഫോ പാർക്കുകൾ സ്ഥാപിക്കാനും ഈ സർക്കാർ തീരുമാനിച്ചു. ദുബൈ കമ്പനി പോയില്ല.

സെസ് പദവിയായി അടുത്ത പ്രശ്‌നം. മലയാളി കൂടിയായ കേന്ദ്ര വ്യാപാര സെക്രട്ടറിയാണ് സെസ്
അംഗീകരിക്കുന്നതിനുള്ള സമിതി അദ്ധ്യക്ഷൻ. കാര്യമായൊരു പരിശോധനയും കൂടാതെ 400 ൽ അധികം സെസുകൾക്ക് അംഗീകാരം നൽകിയ ഇദ്ദേഹത്തിന്റെ സമിതി സ്‌മാർട്ട് സിറ്റിയുടെ ഭൂമി തുടർച്ചയുള്ളതല്ല, വൈദ്യുത ബോർഡിൽ നിന്നെടുക്കുന്ന 100 ഏക്കർ മറ്റു ഭൂമിയിൽ നിന്നും
ഒരു പുഴ മൂലം വേർതിരിക്കപ്പെട്ടുകിടക്കുന്നതു കൊണ്ടാണ് ഒരൊറ്റ സെസ് എന്ന പദവി ലഭ്യമാവാതിരുന്നത്. 136 ഏക്കറിനാണ് ഇപ്പോൾ സെസ് പദവി ലഭിച്ചിട്ടുള്ളത്. ബാക്കിയുള്ള 100 ഏക്കറിന് സെസ് പദവി കിട്ടിയാലും അത് വേറൊരു സെസ് ആയേ പരിഗണിക്കപ്പെടുകയുള്ളൂ. ഇത് സ്വീകാര്യമല്ലെന്ന നിലപാടാണ് ദുബൈ കമ്പനി ഉയർത്തുന്നതെന്നാണ് പത്ര വാർത്തകൾ. പക്ഷെ ഇത്തരമൊരു വാദമുയർത്താൻ അവർക്കൊരു അവകാശവുമില്ല. കരാറിൽ തന്നെ പദ്ധതി പ്രദേശം സെസ് ആയോ സെസുകളായോ എന്ന് വ്യക്തമായി എഴുതിയിട്ടുണ്ട്. തന്നെയുമല്ല, സംസ്ഥാന സർക്കാരിന്റെ മറ്റൊരു ആനുകൂല്യവും ഇവർക്ക് കൊടുക്കുകയില്ല എന്നും വ്യക്തമാക്കിയിട്ടുമുണ്ട്. ഒരേയൊരു പ്രശ്‌നം പാട്ടക്കരാറിന്റേതായിരുന്നു. മൊത്തം 236 ഏക്കറിനായിരുന്നു പാട്ടക്കരാർ എഴുതിയിരുന്നത്. അത് മാറ്റി രണ്ടു കരാറാക്കണം. അതിനു സർക്കാർ തീരുമാനം എടുത്തു കഴിഞ്ഞു. ഈ വ്യവസ്ഥകൾ വെച്ചു കൊണ്ട് അടുത്ത മാസം തന്നെ സ്‌മാർട്ട് സിറ്റി നിർമ്മാണം ആരംഭിക്കുമെന്നാണ് സർക്കാർ ന്യായമായും പ്രതീക്ഷിക്കുന്നത്. ഇത് സ്വീകാര്യമല്ലെങ്കിൽ യാതൊരു വിട്ടു വീഴ്‌ചക്കും സർക്കാർ തയ്യാറാകരുത്. സ്‌മാർട്ട് സിറ്റിയില്ലാതായാലും കേരളത്തിനൊരു പ്രശ്‌നവുമില്ല. പക്ഷെ, ഇത് തുറന്ന് പറയാൻ നമ്മുടെ രാഷ്‌ട്രീയ കക്ഷികൾ ഒന്നും തയ്യാറല്ലെന്നതാണ് പ്രശ്‌നം. മാദ്ധ്യമങ്ങളും അതു പോലെ തന്നെ. മറ്റൊരു പ്രധാന പ്രശ്‌നവും പദ്ധതി വൈകിക്കാൻ കാരണമായേക്കും. ആഗോള മാന്ദ്യം എന്നു വിളിക്കുന്ന, യഥാർത്ഥത്തിൽ യൂ എസിനും പാശ്ചാത്യമുതലാളിത്തത്തിനും ഉണ്ടായിട്ടുള്ള മാന്ദ്യമാണത്. ആ കമ്പോളങ്ങളെ ലക്ഷ്യമാക്കിയുള്ള വികാസന പദ്ധതികളാണ് ഐ ടി യും ടൂറിസവും മറ്റും. ഇവയെല്ലാം തകർച്ചയിലാകുമെന്ന സൂചനയുമുണ്ട്. അതുകൊണ്ടു തന്നെ പദ്ധറ്റി വൈകിക്കാൻ
ദുബൈ കമ്പനി ശ്രമിക്കുന്നുണ്ടോ എന്നുമറിയില്ല. അറ്റെന്തായാലും ഒരധിക സൌജന്യവും
ഈ പദ്ധതിക്കായി സർക്കർ ഇനി നൽകരുത്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്മാര്‍ട്ട്‌ സിറ്റി ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ C.R. നീലകണഠന്‍

സാമ്രാജിത്വ കെണിയും ഡോ. ഐസക്കും : ആസാദ്‌